Latest newsOther CreativesViews

തുറന്നടിച്ച് പൃഥ്വിരാജ്‌; പ്രത്യാഘാതങ്ങളെ പരിഗണിക്കാതെയുള്ള ഈ പരിഷ്കാരമല്ല ദ്വീപിൽ വേണ്ടത്

ലക്ഷദ്വീപിലെ പരമ്പരാഗത ജീവിതത്തെ അട്ടമറിക്കുന്ന തരത്തില്‍ പുതിയ അഡ്മിനിസ്ട്രേറ്റർ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നെന്ന ആക്ഷേപത്തിനിനു ശക്തമായ പിന്തുണയുമായി നടന്‍ പൃഥ്വിരാജ്‌. അഡ്മിനിസ്ട്രേറ്ററുടെ നടപടി ദ്വീപ് ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ ഭീഷണിപ്പെടുത്തുന്ന തരത്തിലാണെന്ന് പൃഥ്വിരാജ്‌ വിമർശിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ നിന്ന് പോയ ഒരു ഉല്ലാസയാത്രയില്‍ നിന്നാണ് ഈ മനോഹരമായ ചെറുദ്വീപുകളെ കുറിച്ചുള്ള എന്റെ ആദ്യ ഓര്‍മകള്‍. വിസ്മയിപ്പിക്കുന്ന ഹരിതനീലിമയുള്ള വെള്ളവും സ്ഫടികം പോലെ വ്യക്തമായ തടാകങ്ങളും എന്റെ ഓര്‍മകളിലേക്ക് വരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സച്ചിയുടെ ‘അനാര്‍ക്കലി’യുടെ ഷൂട്ടിങ് എന്നെ ദ്വീപുകളിലേക്ക് തിരിച്ചെത്തിച്ചു. രണ്ടു മാസത്തോളം ഞാന്‍ കവരത്തിയില്‍ ചെലവഴിച്ചു. ജീവിതകാലം മുഴുവന്‍ ഓര്‍ത്തെടുക്കാനുള്ള ഒരുപാട് നല്ല ഓര്‍മ്മകളേയും സുഹൃത്തുക്കളേയും ഇക്കാലത്തിനിടെ ഉണ്ടാക്കി.

രണ്ടു വര്‍ഷം മുമ്പ് വീണ്ടും സിനിമയുടെ ഭാഗമായി ലക്ഷദ്വീപിലേക്കെത്തി. സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിനായി. ലക്ഷദ്വീപിലെ സ്നേഹനിധികളായ ആളുകള്‍ ഇല്ലെങ്കില്‍ ഉദ്യമം പൂർത്തീകരിക്കാനാകുമായിരുന്നില്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ദ്വീപുകളില്‍ നിന്ന് എനിക്കറിയുന്നതും അറിയാത്തതുമായ ആളുകളില്‍ നിന്ന് നിരവധി സന്ദേശങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് എനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ളതായിരുന്നു അവ.

പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ തികച്ചും വിചിത്രമായി തോന്നുന്നത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ചും ദ്വീപുകളെ കുറിച്ചും ഞാന്‍ നീണ്ട ലേഖനം എഴുതുന്നില്ല. അത്തരം കാര്യങ്ങളെ കുറിച്ച് വായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇപ്പോഴത് ഓണ്‍ലൈനില്‍ എളുപ്പത്തില്‍ ലഭ്യമാകും.

എനിക്കറിയാവുന്ന കാര്യം എന്തെന്നാല്‍, എനിക്കറിയാവുന്ന ദ്വീപുവാസികളും എന്നോട് സംസാരിച്ചവരും അവിടെ നടക്കുന്ന കാര്യത്തില്‍ സന്തോഷവാന്‍മാരല്ല. ഏതെങ്കിലും നിയമമോ പരിഷ്‌കാരമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്ക് വേണ്ടി ആകരുത്. മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാകണം.

ഭൂമിശാസ്ത്രപരമോ രാഷ്ട്രീയപരമോ ആയ അതിര്‍ത്തിയല്ല ഒരു രാഷ്ട്രത്തിനും സംസ്ഥാനത്തിനും കേന്ദ്രഭരണപ്രദേശത്തിനുമുള്ളത്. മറിച്ച് അവിടെയുള്ള ജനങ്ങളാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുന്നു?

പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ അതിലോലമായ ദ്വീപ് ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ ഭീഷണിപ്പെടുത്തുന്നത് എങ്ങനെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കും? നമ്മുടെ സിസ്റ്റത്തില്‍ എനിക്ക് വിശ്വാസമുണ്ട്, നമ്മുടെ ജനങ്ങളില്‍ കൂടുതല്‍ വിശ്വാസമുണ്ട്. നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരു അതോറിറ്റിയുടെ തീരുമാനത്തില്‍ ഒരു സമൂഹം മുഴുവന്‍ അസംതൃപ്തരാകുമ്പോള്‍, അവിടെയുള്ള ആളുകള്‍ അവരുടെ സ്ഥിതിയെ കുറിച്ച് പറയുകയും അവര്‍ അത് ലോകത്തിന്റേയും സര്‍ക്കാരിന്റേയും ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുന്നു. അത്തരത്തില്‍ പ്രവര്‍ത്തിക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍, ലക്ഷദ്വീപിലെ ജനങ്ങളെ ശ്രദ്ധയോടെ കേള്‍ക്കുക. അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാന്‍ അവരെ വിശ്വസിക്കുക. ഭൂമിയിലെ ഏറ്റവും മനോഹരമായ പ്രദേങ്ങളിലൊന്നാണിത്. അതിലും മനോഹരമായ ആളുകള്‍ അവിടെ താമസിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close