Election

ജനപിന്തുണ കുത്തനെ ഉയർന്ന് എല്‍ഡിഎഫ്; 99 സീറ്റിൽ ലീഡ്; യുഡിഎഫ് 41 ൽ ഒതുങ്ങി; ബിജെപി അക്കൗണ്ട് പൂട്ടി

ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ തുടര്‍ഭരണം. യുഡിഎഫിനെ തകര്‍ത്തെറിഞ്ഞ് പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് വമ്പൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. 140ല്‍ 99 മണ്ഡലങ്ങളിലും എല്‍ഡിഎഫിന് ലീഡ്. യുഡിഎഫ് 41സീറ്റുകളില്‍ ഒതുങ്ങി. ബിജെപിയുടെ അക്കൗണ്ട് പൂട്ടി; ആകെയുണ്ടായിരുന്ന നേമം സീറ്റും ബിജെപിക്ക് നഷ്ടപ്പെട്ടു.

വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ തന്നെ എല്‍ഡിഎഫിനായിരുന്നു മേൽക്കൈ. ഒരുഘട്ടത്തില്‍പ്പോലും യുഡിഎഫിന് അറുപതിലേക്ക് ലീഡ് നില ഉയര്‍ത്താന്‍ കഴിഞ്ഞില്ല. മലപ്പുറം, വയനാട്,എറണാകുളം ജില്ലകളില്‍ മാത്രമാണ് യുഡിഎഫിന് ആശ്വാസിക്കാന്‍ അവസരം ലഭിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ കോവളം മാത്രം യുഡിഎഫിനൊപ്പം നിന്നു. എന്നാല്‍ കൊല്ലത്ത് നില മെച്ചപ്പെടുത്താന്‍ യുഡിഎഫിനായി. കഴിഞ്ഞവണ ഒന്നുമില്ലാതിരുന്നിടത്ത് നിന്ന് യുഡിഎഫ് കരുനാഗപ്പള്ളിയും കുണ്ടറയും പിടിച്ചെടുത്തു. ജെ മെഴ്‌സിക്കുട്ടിയമ്മ കുണ്ടറയില്‍ യുഡിഎഫിന്റെ പി സി വിഷ്ണുനാഥിനോട് തോറ്റു. തോറ്റ ഒരേയൊരു മന്ത്രിയാണ് മേഴ്‌സിക്കുട്ടിയമ്മ.

പത്തനംതിട്ടയിലെ സീറ്റുകൾ പൂർണമായും എല്‍ഡിഎഫിന്റെ സ്വന്തമായി. ആലപ്പുഴയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മാത്രമാണ് കഷ്ടിച്ച് പിടിച്ചു നില്‍ക്കാന്‍ സാധിച്ചത്.

എറണാകുളത്ത് എല്‍ഡിഎഫിന്റെ സ്ഥിതി മെച്ചപ്പെട്ടു. അഞ്ചിടങ്ങളില്‍ ജയിക്കാനായി. ഇടുക്കിയിൽ റോഷി അഗസ്റ്റിനും [കേരള കോൺഗ്രസ് (എം)] ഉടുമ്പൻചോലയിൽ എം എം മണിയും [സിപിഎം] വൻ ഭൂരിപക്ഷത്തിൽ ജയിച്ചു.

ചാലക്കുടി മാത്രമാണ് തൃശൂരില്‍ യുഡിഎഫിനെ തുണച്ചത്. തൃശൂരില്‍ എല്‍ഡിഎഫ് പൊരുതി വിജയം പിടിച്ചെടുത്തു. പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാടും പാലക്കാടും മാത്രം യുഡിഎഫിനൊപ്പം ചേര്‍ന്നു. പാലക്കാട്, ബിജെപിയുടെ ഇ ശ്രീധരന്‍ കടുത്ത പോരാട്ടമാണ് കാഴ്ചവച്ചെങ്കിലും ഷാഫി പറമ്പിലിന്റെ വിജയം തടയാനായില്ല.

കോഴിക്കോട് വടകരയില്‍ കെ കെ രമയുടെ വിജയം സിപിഎമ്മിന് രാഷ്ട്രീയമായ തിരിച്ചടിയായി. കൊടുവള്ളി മാത്രമാണ് വടകര കൂടാതെ യുഡിഎഫിനെ തുണച്ചത്. മലപ്പുറത്ത് യുഡിഎഫ് എട്ട് സീറ്റ് നേടി. എല്‍ഡിഎഫ് അഞ്ച് സീറ്റില്‍ ജയിച്ചു. വയനാട്ടില്‍ മൂന്നിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും ജയിച്ചു.

യുഡിഎഫ് തകര്‍ന്നടിഞ്ഞപ്പോള്‍ ബിജെപി ചിത്രത്തിലേ ഇല്ലാതായി. രണ്ടിടത്ത് മത്സരിച്ച കെ സുരേന്ദ്രനും സിറ്റിങ് സീറ്റായ നേമത്ത് കുമ്മനവും തൃശൂരില്‍ സുരേഷ് ഗോപിയും പാലക്കാട് ഇ ശ്രീധരനും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും തോറ്റു. എല്‍ദോ എബ്രഹാമും ജോസ് കെ മാണിയുമാണ് എല്‍ഡിഎഫ് നിരയില്‍ തോറ്റ മറ്റു പ്രമുഖര്‍.

അനില്‍ അക്കര, വി ടി ബല്‍റാം, എം കെ മുനീര്‍, കെ എസ് ശബരീനാഥന്‍, ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങി നിരവധി പ്രമുഖ യുഡിഎഫ് നേതാക്കളും പരാജയപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close