Around UsElectionLatest news

നുണ പറച്ചിലില്‍ സ്വര്‍ണവും വെള്ളിയും വെങ്കലവും കോണ്‍ഗ്രസിന് തന്നെ- മോദി

'കളവ് പറഞ്ഞും ഭിന്നിപ്പിച്ചും ഭരിക്കുകയാണ് കോണ്‍ഗ്രസ് നയം'

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭിന്നിപ്പിച്ചും കളവ് പറഞ്ഞും ഭരിക്കുക എന്നതാണ് കോണ്‍ഗ്രസ് നയമെന്ന് പുതുച്ചേരി സന്ദര്‍ശന വേളയിൽ മോദി വിമർശിച്ചു. നുണ പറച്ചിലില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകളെല്ലാം കോണ്‍ഗ്രസിനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്തിടെ നടത്തിയ പുതുച്ചേരി സന്ദര്‍ശനത്തെ വിമർശിച്ചായിരുന്നു മോദിയുടെ പരിഹാസം.

പുതുച്ചേരിയിലെ പൊതുസമ്മേളനത്തില്‍ ഫിഷറീസ് മന്ത്രാലയം വേണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തേയും മോദി പരിഹസിച്ചു. മത്സ്യബന്ധനത്തിനായി ഒരു മന്ത്രാലയം ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പറയുന്നു. ഞെട്ടിപ്പോയി. നിലവിലെ സര്‍ക്കാരാണ് 2019 ല്‍ തന്നെ മന്ത്രാലയം രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒരു മത്സ്യത്തൊഴിലാളി സ്ത്രീയുടെ പരാതി കോൺഗ്രസ്സ് നേതാവ് തന്നെ രാഹുല്‍ ഗാന്ധിയോട് തെറ്റായി വിവര്‍ത്തനം ചെയ്തത് മോദി ഉയര്‍ത്തിക്കാട്ടി. രാജിവെച്ച പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമിയാണ് പൊതുജനത്തെ സാക്ഷിയാക്കി രാഹുലിനെ കബളിപ്പിച്ചത്. അതിന്റെ വീഡിയോ വൈറലായിരുന്നു.

‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാജ്യം മുഴുവന്‍ ഒരു വീഡിയോ കണ്ടു. ചുഴലിക്കാറ്റും വെള്ളപ്പൊക്കക്കവും വന്നപ്പോൾ പുതുച്ചേരി സര്‍ക്കാരും മുഖ്യമന്ത്രിയും തങ്ങളെ അവഗണിച്ചതായി നിസ്സഹായയായ ഒരു സ്ത്രീ പരാതിപ്പെട്ട വീഡിയോ. സത്യം പറയുന്നതിനു പകരം, മുന്‍ പുതുച്ചേരി മുഖ്യമന്ത്രി സ്ത്രീയുടെ വാക്കുകളുടെ തെറ്റായ വിവര്‍ത്തനമാ നല്‍കിയത്’- മോദി പറഞ്ഞു.

മത്സ്യത്തൊഴിലാളികളുമായി സംവദിക്കവെയാണ് ഒരു സ്ത്രീ രാഹുല്‍ ഗാന്ധിയോട് സര്‍ക്കാരിനെ കുറിച്ച് പരാതിപ്പെട്ടത്. ആരും തങ്ങള്‍ക്ക് യാതൊരു പിന്തുണയും നല്‍കിയില്ല. മുഖ്യമന്ത്രി നാരായണസ്വാമി പോലും നിവാര്‍ ചുഴലിക്കാറ്റ് സമയത്ത് തങ്ങളെ സന്ദര്‍ശിച്ചിട്ടുണ്ടോയെന്നും സ്ത്രീ ചോദിച്ചു.

ഈ പരാമര്‍ശം ചുഴലിക്കാറ്റിന്റെ സമയത്ത് ഞാന്‍ അവരുടെ പ്രദേശം സന്ദര്‍ശിച്ച് ആശ്വാസം നല്‍കിയെന്നാണ് അവര്‍ പറഞ്ഞതെന്നായിരുന്നു നാരായണസ്വാമി രാഹുലിന് വിവര്‍ത്തനം ചെയ്ത് നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിമര്‍ശനം.

പുതുച്ചേരിയിലെ ജനങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പതനം ആഘോഷിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നുണകളെ അടിസ്ഥാനമാക്കിയുള്ള സംസ്‌കാരം പുലര്‍ത്തുന്ന ഒരു പാര്‍ട്ടിക്ക് ജനങ്ങളെ സേവിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഋഷിമാര്‍, പണ്ഡിതന്മാര്‍, കവികള്‍ എന്നിവരുടേയും മഹാകവി സുബ്രഹ്മണ്യ ഭാരതി, ശ്രീ അരബിന്ദോ തുടങ്ങിയവരുടേയും ആവാസ കേന്ദ്രമാണെന്ന് പുതുച്ചേരി എന്നും പ്രധാനമന്ത്രി പറഞ്ഞു. വൈവിധ്യത്തിന്റെ പ്രതീകമായി പുതുച്ചേരിയെ പ്രശംസിച്ച അദ്ദേഹം ഇവിടെ ആളുകള്‍ വിവിധ ഭാഷകള്‍ സംസാരിക്കുന്നു, വ്യത്യസ്ത വിശ്വാസങ്ങള്‍ ആചരിക്കുന്നു, എന്നാല്‍ ഒന്നായി ജീവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.

പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ & റിസര്‍ച്ചിലെ (ജിപ്മെര്‍) ബ്ലഡ് സെന്റര്‍ മോദി ഉദ്ഘാടനം ചെയ്തു. പുനര്‍നിര്‍മിച്ച ഹെറിറ്റേജ് മാരി കെട്ടിടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പുനര്‍നിര്‍മിച്ച കെട്ടിടവും അനുബന്ധ സൗകര്യങ്ങളും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നും മോദി പറഞ്ഞു.

ദേശീയ പാത 45-എയുടെ നാല് പാതകള്‍ കാരക്കല്‍ ജില്ലയെ ഉള്‍ക്കൊള്ളുമെന്നും വിശുദ്ധ ശനീശ്വരന്‍ ക്ഷേത്രം, ബസിലിക്ക ഓഫ് ഔവര്‍ ലേഡി ഓഫ് ഗുഡ് ഹെല്‍ത്ത്, നാഗോര്‍ ദര്‍ഗ എന്നിവിടങ്ങളിലേക്ക്  അന്തര്‍ സംസ്ഥാന കണക്റ്റിവിറ്റി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ, തീരദേശ ബന്ധം മെച്ചപ്പെടുത്തുന്നതിന് ഗവണ്‍മെന്റ് നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കാര്‍ഷിക മേഖലയ്ക്ക് ഇതില്‍ നിന്ന് നേട്ടമുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags
Show More

Babu

Guest author

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close