Around UsCovid 19Latest news

കേരളത്തിലും കോവിഡ് വൈറസിന് ജനിതകമാറ്റം, ഗവേഷണം തുടരുന്നു: കെ കെ ശൈലജ

കേരളത്തിലും കോവിഡ് 19 വൈറസിന് ചെറിയ തോതില്‍ ജനിതകമാറ്റം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതു സംബന്ധിച്ചു ഗവേഷണം തുടരുകയാണെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.

കേരളത്തില്‍ നടന്ന ഗവേഷണങ്ങളിലും കോവിഡ് വൈറസിന്റെ ജനിതമാറ്റം കണ്ടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം, ബ്രിട്ടനിൽ ജനിതമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെയും കണ്ടെത്തിയിട്ടുള്ളതെന്നതിൽ കൂടുതൽ ഗവേഷണം നടക്കുകയാണെന്നും കെ.കെ. ശൈലജ പറഞ്ഞു. ബ്രിട്ടനില്‍ നിന്നെത്തിയ എട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട രീതിയിലുള്ള വന്‍വര്‍ധന കേരളത്തിലുണ്ടായിട്ടില്ലെന്നും മരണ നിരക്ക് കൂടിയിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

“കോഴിക്കോട് കേന്ദ്രമായിട്ടാണ് ഗവേഷണം നടത്തിയത്. കോവിഡില്‍ ജനിതമാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യക്തമായ ജനിതകമാറ്റം ബ്രിട്ടനില്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകൾ. അവിടെ നിന്ന് കേരളത്തിൽ വന്ന എട്ടു പേര്‍ പോസിറ്റീവാണ്. കൂടുതല്‍ പരിശോധന നടക്കുകയാണ്.” മന്ത്രി പറഞ്ഞു.

അതേസമയം, എത്രത്തോളമാണ് ഇതിന്റെ വ്യാപനശേഷി എന്നതില്‍ വ്യക്തതയില്ല. യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസാണോ എന്നറിയാന്‍ ബ്രിട്ടനില്‍ നിന്നെത്തി കോവിഡ് പോസിറ്റീവായ എട്ട് പേരുടെ സാമ്പിളുകള്‍ പുണെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട് എന്നും കെ.കെ. ശൈലജ അറിയിച്ചു.

അതേസമയം, കേരളത്തില്‍ ഇന്നലെ 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466, തൃശൂര്‍ 374, ആലപ്പുഴ 357, പാലക്കാട് 303, തിരുവനന്തപുരം 292, കണ്ണൂര്‍ 266, വയനാട് 259, ഇടുക്കി 214, കാസര്‍ഗോഡ് 56 എന്നിങ്ങനേയാണ് ജില്ലകളിലാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2930 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4690 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 576 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 571, കോഴിക്കോട് 547, എറണാകുളം 416, പത്തനംതിട്ട 447, കൊല്ലം 490, മലപ്പുറം 438, തൃശൂര്‍ 363, ആലപ്പുഴ 339, പാലക്കാട് 163, തിരുവനന്തപുരം 204, കണ്ണൂര്‍ 209, വയനാട് 250, ഇടുക്കി 200, കാസര്‍ഗോഡ് 53 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4506 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 408, കൊല്ലം 218, പത്തനംതിട്ട 240, ആലപ്പുഴ 224, കോട്ടയം 485, ഇടുക്കി 54, എറണാകുളം 601, തൃശൂര്‍ 594, പാലക്കാട് 200, മലപ്പുറം 508, കോഴിക്കോട് 477, വയനാട് 196, കണ്ണൂര്‍ 252, കാസര്‍ഗോഡ് 49 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്നലെ നെഗറ്റീവായത്. ഇതോടെ 64,028 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,64,951 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,64,984 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,299 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,685 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1367 പേരെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ ആകെ 463 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close