Hot SportsLatest news

‘മറഡോണയ്ക്ക് ആദരമർപ്പിക്കാൻ മനസ്സില്ല,’ പുറംതിരിഞ്ഞ് പ്രതിഷേധിച്ച‌ പൗള ഡാപ്പെനയ്ക്ക് വധഭീഷണി

അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് സഹതാരങ്ങൾ ആദരമർപ്പിക്കുമ്പോൾ, നിലത്ത് പുറംതിരിഞ്ഞിരുന്ന് പ്രതിഷേധിച്ച വനിതാ ഫുട്ബോൾ താരത്തിന് വധഭീഷണി. സ്പെയിനിൽ നടന്ന ഒരു ഫുട്ബോൾ മത്സരത്തിനു മുന്നോടിയായായിരുന്നു സംഭവം. മറഡോണയ്ക്ക് ആദരമർപ്പിച്ച് ഇരു ടീമുകളിലെയും വനിതാ താരങ്ങൾ നിരയായി നിന്ന് മൗനമാചരിച്ച് ആദരമർപ്പിക്കുകയായിരുന്നു. അതേസമയം പൗള ഡാപ്പെന പുറംതിരിഞ്ഞ് നിലത്തിരുന്ന് പ്രതിഷേധിച്ചു. ഈ സംഭവത്തിനു പിന്നാലെയാണ് പൗള ഡാപ്പെനയ്ക്ക് എതിരെ ഫുട്ബോൾ ആരാധകരിൽനിന്ന് വധഭീഷണി ഉയർന്നത്.

ഗാർഹിക പീഡനത്തിന്റെ പേരിൽ കുറ്റവാളിയായ ഒരാളെ ആദരിക്കാൻ താനില്ലെന്ന് വ്യക്തമാക്കിയാണ് പൗള ഡാപ്പെന കളിക്കളത്തിൽ പ്രതിഷേധിച്ചത്. ‘അവർ (സഹ താരങ്ങൾ) ഒരു മിനിറ്റ് മൗനമാചരിച്ച് ആദരമർപ്പിച്ചപ്പോൾ ഞാൻ പ്രതിഷേധിക്കാൻ നിലത്ത് കുത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രം വൈറലായതോടെ, ഭീഷണി സന്ദേശങ്ങളും വർധിച്ചു, ഒടുവിൽ വധഭീഷണിയും ഉണ്ടായി.’- ഇരുപത്തിനാലുകാരിയായ പൗള ഡാപ്പെന പരാതിപ്പെട്ടു. അദ്ധ്യാപികയായ ഡാപ്പെന വനിതാ ക്ലബ്ബായ വിയാജെസ് ഇന്റെരിയാസിന്റെ താരം കൂടിയാണ്.

‘ഞാൻ മാത്രമല്ല ഇതിന്റെ പേരിൽ അധിക്ഷേപിക്കപ്പെട്ടത്. എന്റെ സഹതാരങ്ങൾ പോലും സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കപ്പെടുന്നു. എന്റെ വിലാസം കണ്ടുപിടിച്ച് വീട്ടിൽവന്ന് കാലു തല്ലിയൊടിക്കുമെന്നാണ് സന്ദേശങ്ങളിൽ ചിലത്. ചിലർ വധഭീഷണിയും ഉയർത്തുന്നു’ – ഡാപ്പെന വെളിപ്പെടുത്തി. സ്പാനിഷ് മൂന്നാം ഡിവിഷനിൽ കളിക്കുന്ന വനിതാ ക്ലബ്ബാണ് വിയാജെസ് ഇന്റെരിയാസ്. ശനിയാഴ്ച നടന്ന ഡിപോർട്ടീവോ ലാ കൊരൂണയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനു മുന്നോടിയായായിരുന്നു സംഭവം.

‘കുറ്റവാളിയായ, ജീവിതത്തിൽ സാമാന്യ മര്യാദ പോലും പുലർത്താത്ത ഒരാൾക്ക് വേണ്ടി മൗനം ആചരിക്കാൻ എന്റെ മനസ്സു സമ്മതിച്ചില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ അത് വ്യാജമാകുമായിരുന്നു. ചൂഷണത്തിന് ഇരയാകുന്നവർക്കായി ഒരു മിനിറ്റ് മൗനമാചരിക്കാൻ ആർക്കും സമയം ഇല്ല. അവരോട് ഒരു അനുഭാവവും ആർക്കും തോന്നുന്നില്ല. എന്നാൽ പീഡിപ്പിച്ച ആൾക്ക് വേണ്ടി മൗനമാചരിക്കുന്നു. ഇതിനോട് ഒട്ടും യോജിക്കാനാകുന്നില്ല’– ഡാപ്പെന പറഞ്ഞു.

‘ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ ലോകോത്തര താരമായിരുന്നു മറഡോണ. എന്നാൽ വ്യക്തി ജീവിതത്തിൽ അദ്ദേഹം തികഞ്ഞ പരാജയമായിരുന്നു.’ ഡാപ്പെന ആരോപിച്ചു. ഇനിയും മറഡോണയ്ക്ക് ആദരമർപ്പിക്കാൻ മനസ്സില്ല എന്ന് അവർ വ്യക്തമാക്കി. ‘മറഡോണയ്ക്ക് കളിക്കളത്തിൽ ആദരമർപ്പിക്കേണ്ട സന്ദർഭം വീണ്ടും ഉണ്ടായാൽ താൻ ഇത്തരം പ്രതിഷേധം ആവർത്തിക്കു’മെന്നും ഡാപ്പെന പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close