Guest ColumnHeadlineSpiritual

ത്യാഗവും സേവനവും ഭൗതികവാദത്തിലും ആദ്ധ്യാത്മിക ചിന്തയിലും

അസി. പ്രൊഫ. പി.ജെ സണ്ണി

ഭാരതീയ ദർശനം ലോകത്തിനു നൽകിയ സംഭാവനകളിൽ പാരസ്പര്യഭാവമാർന്നു നിൽക്കുന്നവയാണ് ത്യാഗവും സേവനവും. ഒരേ അനുഭവത്തിന്റെ ഭിന്നഭാവങ്ങളാണിവ. അഹംബോധത്തിൽനിന്നുള്ള വിടുതലാണ് ത്യാഗം. ത്യാഗസമ്പന്നതയിൽ നിന്നുടലെടുക്കുന്ന സമഷ്ട്യാവബോധമാണ് സേവനം. ഒന്നും “എന്റെ’ തല്ല എന്ന ചിന്തയും ഇവിടെ സമാശ്ലേഷിക്കുന്നു. എനിക്കൊന്നുമില്ലാത്തതിനാൽ ഞാൻ എല്ലാറ്റിന്റേതുമാണ്; എല്ലാം എന്റേതുമാണ്. ഇഹലോകത്തിനോട് ഒട്ടലുണ്ടാകുന്നവൻ കുറച്ചുമാത്രം സ്വന്തമാക്കാനാഗ്രഹിക്കുമ്പോൾ സർവ്വസംഗപരിത്യാഗിയായ യോഗി പൂർണ്ണത്യാഗത്തിലൂടെ സമസ്തവും സ്വായത്തമാക്കുന്നു.  

ആത്മീയ ദർശനങ്ങളിൽ ത്യാഗവും സേവനവും ചർച്ചചെയ്യപ്പെടുന്നുണ്ടെങ്കിലും ഭൗതികചിന്തകളിൽ ത്യാഗം കടന്നുവരുന്നില്ലെന്നതു ശ്രദ്ധേയമാണ്. ഭൗതികവാദത്തിലെ സേവന സങ്കല്പമാവട്ടെ തികച്ചും സാമൂഹികവുമാണ്. ആത്മീയചിന്തയിലെ സേവനം ത്യാഗത്തിലധിഷ്ഠിതമാണ്. അത് സർവ്വചരാചരങ്ങളേയുമുൾക്കൊള്ളുകയും ചെയ്യുന്നു. ആദ്ധ്യാത്മിക ദർശനങ്ങളും ഭൗതികവാദ ചിന്തകളും ത്യാഗത്തേ യും സേവനത്തേയും എപ്രകാരമാണ് സമീപിക്കുന്നതെന്നും അതിനു കാരണമെന്തെന്നുമാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.  

ത്യാഗവും സേവനവും വൈദിക പാരമ്പര്യത്തിൽ യജ്ഞമെന്നാണറിയപ്പെടുന്നത്. തന്റെ ചിലതെല്ലാം ദേവതയ്ക്കു സമർപ്പിക്കുന്ന ഋഷി അറിയുന്നുണ്ട്, നശ്വരമായ ചിലതു മാത്രമാണ് താൻ ദേവതയ്ക്കു നൽകിയതെന്നും തിരിച്ച് അനശ്വരമായ ചിലത് താൻ ദേവതയിൽനിന്നും സ്വീകരിച്ചുവെന്നും. ഈ കൊടുക്കൽ വാങ്ങലാണ് യജ്ഞത്തിന്റെ ആന്തരികാർത്ഥമെന്ന് വേദപണ്ഡിതനായ കാപാലിശാസ്ത്രി വ്യക്തമാക്കുന്നു.1 “ഇദം അഗ്നേർ ഇദം  ന മമ” എന്ന വേദമന്ത്രം ത്യാഗത്തിന്റെ മൂല്യത്തെ വെളിവാക്കുന്നു.  

വിശ്വസൃഷ്ടി യജ്ഞത്തിലൂടെയാണെന്ന് ഭഗവദ്ഗീത (3:10). അവിരാമമമായി തുടർന്നുപോരുന്ന സൃഷ്ടി പ്രക്രിയ ഒരു ത്യാഗം തന്നെയാണ് എന്നാൽ കാര്യത്തിൽ നിന്ന് ഭിന്നമല്ല അതിന്റെ കാരണമെന്നതിനാൽ സൃഷ്ടിയുടെ പൂർണ്ണതയ്ക്കായി സ്രഷ്ടാവ് സ്വയം ത്യജിക്കേണ്ടിയിരിക്കുന്നു. ഗുരു നിത്യചൈതന്യയതി തന്റെ ഗീതാപഠനത്തിൽ നിരീക്ഷിക്കുന്നതുപോലെ “ഒരു കന്യകയ്ക്ക് അവളുടെ കന്യകാത്വത്തെ ആഹുതി ചെയ്യാതെ മാതാവാകാനോ, ഒരു പുഷ്പത്തിന് അതിന്റെ ധ്വംസനം കൂടാതെ കായായിത്തീരുവാനോ, ഒരു നെ•ണിക്കു സ്വയമേ നശിക്കാതെ ഒരു നെൽച്ചെടിയെ വികസിപ്പിച്ചെടുക്കുവാനോ കഴിയുന്നില്ല.” അതിനാൽ “സ്വന്തം ഇഷ്ടത്തിന്റെ ലബ്ധിയല്ല; താൻ ഇഷ്ടപ്പെടുന്നത് വേറൊരാൾക്കുകൂടി ലബ്ധമാക്കിക്കൊടുക്കുകയാണ്.” അങ്ങനെ “പ്രപഞ്ചം മുഴുവനും ഒടുങ്ങാത്തതും സങ്കീർണ്ണവുമായ ഒരു യജ്ഞഭൂവായി കാണുവാൻ’2 നമുക്കു കഴിയും. “നീ വിതയ്ക്കുന്നത് നശിക്കുന്നില്ലെങ്കിൽ അത് പുനർജീവിക്കുകയില്ല.”3 എന്ന ബൈബിൾ വാക്യവും ശ്രദ്ധേയം.  

ത്യാഗത്തിന്റെ ഈ സത്താതലം തന്നെയാണ് ബൗദ്ധരുടെ ശൂന്യവാദവും വ്യക്തമാക്കുന്നത്. “പര”ത്തെ ആശ്രയിക്കാതെ “സ്വ’ മ്മിന് ഉണ്മയില്ല. എന്നും തന്നിൽ ത്തന്നെ നിഹിതമായിരിക്കുന്ന അവസ്ഥയാണ് ഒരു വസ്തുവിനുള്ളതെങ്കിൽ അതിനൊരിക്കലും നാശമുണ്ടാവില്ല. പര്സപരാശ്രിതമാണ് പ്രപഞ്ചമെന്ന് നാഗാർജ്ജുനൻ തന്റെ കൃതികളിലെല്ലാം സ്ഥാപിക്കുന്നുണ്ട്.  

ബൗദ്ധദർശനത്തിലെ ബ്രഹ്മവിഹാരം ത്യാഗസേവനങ്ങളെ ഉദാത്തവൽക്കരിക്കുന്നു. സർവ്വചരാചരത്തിനോടുമുള്ള അനന്തമായ മൈത്രിയും, ദുഃഖമനുഭവിക്കുന്നവരോടുള്ള അനന്തമായ കരുണയും, ദുഃഖസാഗരം നീന്തിക്കടന്നവന്റെ സന്തോഷത്തിൽ പങ്കുചേരലും, ശത്രുമിത്രഭേദമന്യേ എല്ലാവരോടും തുല്യപരിഗണനയുമാണ് ബ്രഹ്മവിഹാരങ്ങൾ. കരുണയുടെ ഉത്തമ നിദർശനമാണ് ബോധിസത്വസങ്കല്പം.  സമസ്തജീവികൾക്കും നിർവാണം ലഭിക്കുന്നതു വരെ തനിക്കു നിർവാണം വേണ്ട എന്നു പ്രഖ്യാപിക്കുന്ന ബോധിസത്ത്വൻ ജീവകുലത്തിന് എന്നെന്നും പ്രത്യാശ നൽകികൊണ്ടിരിക്കും. ബോധോദയം നേടിയവരുടെ യഥാർത്ഥ ഉറവിടം കരുണയാണെന്ന് മാധ്യമ ചിന്തകനായ ചന്ദ്രകീർത്തി. ഈ കരുണ അനന്തമായി വർദ്ധിപ്പിക്കുന്നതെങ്ങനെയെന്ന് ധർമ്മകീർത്തി തന്റെ താർക്കികയുക്തിയിലൂടെ വ്യക്തമാക്കുന്നു. ശാന്തിദേവനാകട്ടെ തന്റെ ബോധിചര്യാവതാരം എന്ന പ്രശസ്ത കൃതിയിൽ, ഒരുവൻ കാരുണ്യവാനാകേണ്ടത് എന്തിനെന്നും അത് ശത്രുക്കൾക്കുമേൽ പോലും വർഷിക്കേണ്ടതെന്തിനെന്നും സയുക്തികം വിവരിക്കുന്നു.  

സിദ്ധാർത്ഥ രാജകുമാരൻ കൊട്ടാരം വിട്ടിറങ്ങിയ മഹാപരിത്യാഗ രാത്രി തന്നെയാണ് രാഹുലനും ജനിച്ചത്. രാഹുലൻ എന്നാൽ വിഘ്നം എന്നർത്ഥം. തന്റെ പരിവ്രാജക ജീവിതത്തിന് പുത്രനോടുള്ള മമത ഒരു വിഘ്നമായിത്തീരും എന്ന തിരിച്ചറിവിൽനിന്നാണ് സിദ്ധാർത്ഥൻ ആ പേര് പുത്രന് നൽകിയത്.  പ്രിയപുത്രൻ കൊട്ടാരജീവിതം ത്യജിക്കരുതെന്ന ആഗ്രഹത്താൽ രാഹുലൻ വിഘ്നം തന്നെയായിരിക്കട്ടെ സിദ്ധാർത്ഥന്റെ ആത്മീയ പന്ഥാവിൽ എന്ന് ശുദ്ധോദന മഹാരാജാവും കരുതി. എന്നാൽ സിദ്ധാർത്ഥനെന്ന വൃഷ്ടി ബോധം ബുദ്ധനെന്ന സമഷ്ട്യാനുഭവമായി മാറിയ നിമിഷം മഹാപരിത്യാഗം തന്നെ സംഭവിച്ചു; ബോധപ്രാപ്തിക്കു ശേഷമുള്ള തഥാഗത ജീവിതം സേവനത്തിന്റെ സാക്ഷ്യപത്രവുമായി.

ത്യജിക്കുന്നത് തനിക്കേറ്റം പ്രിയപ്പെട്ടതു തന്നെയാകണമെന്ന് യേശുദേവൻ പഠിപ്പിച്ചു. സ്വന്തം പിതാവിനേയും മാതാവിനേയും ഭാര്യയേയും മക്കളേയും മാത്രമല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ തന്റെ ശിഷ്യനാവാൻ ആർക്കും സാധിക്കുകയില്ലെന്ന് ആ ജ്ഞാനി ഉദ്ബോധിപ്പിച്ചു.4 ശിഷ്യൻ ഒന്നുമില്ലാത്തവനാകണമെന്നും അങ്ങനെയുള്ള ഇല്ലാത്തവനിൽ നിന്ന് ഉള്ളതുകൂടി എടുക്കപ്പെടുമെന്നും5 ക്രിസ്തു പറയുന്നത്, ത്യാഗത്തിന്റെ ഉത്തുംഗതയിലേ ജ്ഞാനലാഭമുണ്ടാകൂ എന്നു വ്യക്തമാക്കുവാനാണ്. 

മിസ്റ്റിക് തലത്തിലേയ്ക്കുയരുന്ന ഏത് ആത്മീയ ദർശനത്തിലും ത്യാഗസേവനങ്ങളുടെ പൂമ്പൊടിയേറ്റിട്ടുണ്ടാവും. ബോധിസത്ത്വ- ജീവന്മുക്ത സങ്കല്പങ്ങളും സൂഫി-സെൻ ഗുരുക്കന്മാരുമെല്ലാം ഈ ത്യാഗസേവനങ്ങളെ ഉദാഹരിക്കുന്നു. എന്നാൽ ഭൗതികവാദചിന്തയിലേക്കു കടക്കുമ്പോൾ സേവനത്തെ മഹത്വവത്കരിക്കുന്ന അനേകം ദൃഷ്ടാന്തങ്ങൾ കാണാമെങ്കിലും ത്യാഗത്തെക്കുറിച്ചുള്ള ഒരു പ്രസ്താവവും അവിടെ കാണുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എന്താണിതിനു കാരണം? ഭൗതികവാദത്തിലെ സേവന സങ്കല്പത്തിന് ത്യാഗത്തിന്റെ പിൻബലമില്ല. ആത്മീയ ദർശനം മുന്നോട്ട് വയ്ക്കുന്ന ഏതു ത്യാഗിയേയും കേവലം സാമൂഹ്യ പരിഷ്കർത്താവായി കാണുവാനേ ഭൗതികവാദിയ്ക്കു സാധിക്കൂ. സർവ്വസംഗ പരിത്യാഗികളായ ശ്രീബുദ്ധനേയും ശ്രീനാരായണ ഗുരുവിനേയും സാമൂഹ്യപരിഷ്കർത്താക്കളായി കാണുന്നത് ഈ വീക്ഷണ വൈകല്യത്തെയാണ് വെളിവാക്കുന്നത്.

അഹന്ത വിട്ടുണർന്ന ശുദ്ധബോധമായ ഈ മഹാത്മാക്കൾ സമൂഹത്തെ പരിവർത്തിപ്പിക്കുവാൻ തെല്ലും ശ്രമിച്ചിട്ടില്ല. സമൂഹം അവരുടെ ആത്മീയ പ്രഭാവത്തിൽ മാറിപ്പോയതാണ്. സമൂഹത്തെ മാറ്റിമറിക്കുവാൻ അവർ ആരോടുമാജ്ഞാപിച്ചിട്ടുമില്ല. അഹന്തയെ വെന്ന് ഉള്ളം പരമ്പൊരുളിലസ്പന്ദമാകണമെന്നു ഗുരുദേവനരുളിയപ്പോൾ ‘നീ നിനക്കു തന്നെ മാർഗ്ഗമായിത്തീരുക’യെന്ന് ശ്രീബുദ്ധനും ‘ദൈവരാജ്യം നിങ്ങളിൽത്തന്നെ’ എന്ന് ക്രിസ്തുവും മൊഴിഞ്ഞു.  

തിന്നുക, കുടിക്കുക, ആനന്ദിക്കുക എന്ന സുഖവാദമാണ് ഭൗതികവാദം മുന്നോട്ടുവയ്ക്കുന്ന ജീവിതമൂല്യമെന്നതിൽ യവനചിന്തയിലെ ഏപ്പിക്യൂറസ്സിനും ഭാരതീയദർശനത്തിലെ ചാർവാകനും ഏകാഭിപ്രായമാണ്. തിന്നുന്നതും കുടിക്കുന്നതും ശരീരത്തിനു വേണ്ടിയാകുന്നു, തജ്ജന്യമായ വൈകാരികോത്തേജനമാണ് ആനന്ദം. “അംഗനാലിംഗനാദിജന്യമായ സുഖമാണ് പുരുഷാർത്ഥമെന്ന് ചാർവാകൻ. അദ്ദേഹം തുടരുന്നു:

‘യാവജ്ജീവേത് സുഖം ജീവേത് ഋണം കൃത്വാഘൃതം പിബേത് ഭസ്മീഭൂതസ്യ ദേഹസ്യ പുനരാഗമനം കുതഃ’6 – ജീവനുള്ള കാലത്തോളം സുഖമായി ജീവിക്കണം. കടം വാങ്ങിയും നെയ്യ് കൂട്ടണം. ഉപവാസാദികൾകൊണ്ട് ദേഹത്തെ പീഡിപ്പിച്ച് ഒന്നും നേടാനില്ല. ഒരിക്കൽ ശരീരം നഷ്ടമായിക്കഴിഞ്ഞാൽ പിന്നെ സുഖാനുഭവം തരമാവില്ലാത്തതിനാൽ എല്ലാത്തരം സുഖഭോഗങ്ങളുമനുഭവിക്കണം. 

ത്യാഗവും സേവനവുമല്ല ജീവിതാസക്തിയും ആക്രമണോത്സുകതയുമാണ് ഈ വാക്കുകളിൽ തെളിഞ്ഞു കാണുന്നത്. അഹിംസയും കരുണയും നിരർത്ഥകമെന്നു പറയുന്ന ചാർവാകൻ ബുദ്ധഭിക്ഷുവിന്റെ ത്യാഗത്തെ ദുർബുദ്ധിയെന്ന സംബോധനയോടെയാണ് പരിഹസിക്കുന്നതെന്ന് ജയരാശിയുടെ തത്ത്വോപപ്ലവസിംഹയിൽ കാണാം.

കാമത്തെ ജീവിതലക്ഷ്യമായി കണ്ട ഭൗതിക വാദത്തിന്7 ആ ലക്ഷ്യം നേടാനുള്ള മാർഗ്ഗമായിരുന്നു അർത്ഥം. ധർമ്മമോക്ഷങ്ങൾ തീർത്തും അനാവശ്യ സങ്കല്പങ്ങളുമായി. കാമസൂത്രവും അർത്ഥശാസ്ത്രവും ഭൗതികവാദികൾക്ക് പ്രമാണഗ്രന്ഥങ്ങളായപ്പോൾ ധർമ്മശാസ്ത്രവും ബ്രഹ്മസൂത്രവുമെല്ലാം തിരസ്കൃതങ്ങളുമായി. ആത്മീയദർശനങ്ങൾ “ത്യക്തേന ഭുഞ്ജീഥ’ എന്ന ഉപനിഷത്ത് മന്ത്രമുരുവിട്ട് പ്രപഞ്ചത്തെ സമീപിക്കുവാനുപദേശിക്കുമ്പോൾ ഭൂമിയെ ഒന്നടങ്കമാഹരിക്കുവാനൊരുമ്പെടുന്ന ഭൗതികവാദമാകട്ടെ കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിഷ്ഠൂര നിയമത്തെയാണ് പ്രമാണമായി സ്വീകരിക്കുന്നത്. ശക്തന് മേൽക്കോയ്മ സിദ്ധിക്കുന്ന ഇത്തരം പ്രപഞ്ച സംവിധാനത്തിൽ കൈയ്യൂക്കില്ലാത്തവന്റെ അസ്തിത്വം ഒരു ചോദ്യചിഹ്നം മാത്രമായിരിക്കും. ധനവും അധികാരവും സ്വായത്തമാക്കാൻ ഏതു മാർഗ്ഗവും സ്വീകരിക്കാമെന്ന ചാർവാക ചിന്ത തത്ത്വോപപ്ലവസിംഹയിൽ കാണുന്നുണ്ട്.8  

നാളിതുവരെയുള്ള ഒരു ആത്മീയ ദർശനവും ഇൗ ലോകത്തെ കീഴ്പ്പെടുത്തുവാനോ ഉപേക്ഷിക്കുവാനോ പഠിപ്പിക്കുന്നില്ല. സംഗമാണ്, സംസാരമല്ല ത്യജിക്കേണ്ടത്. സർവ്വ പരിത്യാഗിയല്ല, സർവ്വസംഗപരിത്യാഗിയാണ് സന്ന്യാസി. അസംഗ മനസ്സിൽ ഉടമസ്ഥതാബോധമില്ലാത്തതിനാൽ ത്യജിക്കേണ്ട ആവശ്യവുമില്ല. ലോകജീവിതമുപേക്ഷിച്ച് കാടു പൂകേണ്ട കാര്യമില്ലെന്ന്, ലോകമാകുന്ന ചെളിക്കുണ്ടിൽ താമസിച്ച് എങ്ങും സൗരഭ്യം പരത്തിയ താമരപ്പൂവായ ശ്രീരാമകൃഷ്ണ പരമഹംസൻ നമ്മെ ഒാർമ്മിപ്പിക്കുന്നു. അക്കരെയെത്തുവാൻ കഴിയാതെ വിഷണ്ണയായി നിന്ന യുവതിയെ തന്റെ തോളിലിരുത്തി മറുകരയെത്തിച്ച സെൻ ഗുരുവിനോട് ധാർമ്മികതയെക്കുറിച്ച് പലതും ചോദിക്കണമെന്നുണ്ടായിരുന്നു ശിഷ്യന്. അനൗചിത്യമാവില്ലേയെന്ന ശങ്ക പിന്തിരിപ്പിച്ചു. എന്നാൽ രാവിന്റെ ഏതോ യാമത്തിൽ ഉറക്കം വരാതെ ശിഷ്യൻ ചോദിച്ചു പോയി. “ഗുരോ, ബുദ്ധഭിക്ഷുവായ അങ്ങ് ഒരു യുവതിയെ സ്പർശിച്ചത് ശരിയാണോ?” ഗുരുവിന്റെ മറുപടി പെട്ടെന്നായിരുന്നു: “ഞാനവളെ അപ്പോൾ തന്നെ ഉപേക്ഷിച്ചു; നീ ഇപ്പോഴും ചുമക്കുകയാണോ?” 

നാളിതുവരെയുള്ള ഭൗതികവാദമാവട്ടെ ഇൗ ലോകത്തെ കാൽക്കീഴിലമർത്തിവയ്ക്കുവാനാണ് മനുഷ്യനെ പഠിപ്പിക്കുന്നത്. കലിംഗയുദ്ധം വരെയെ അശോക ചക്രവർത്തി ദിഗ്വിജയം നടത്തിയുള്ളു; പിന്നീടുണ്ടായത് ധർമ്മവിജയങ്ങൾ മാത്രം. എന്നാൽ ഭൗതികവാദ ചിന്തയുടെ പ്രത്യക്ഷ ഉദാഹരണമായ മാർക്സിസ്റ്റു ചിന്തയിൽ എന്താണു സംഭവിക്കുന്നത്? ആയിരങ്ങളെ യമപുരിയിലെത്തിച്ച സ്റ്റാലിനെ പ്പോലുള്ള നേതാക്കളോടൊപ്പം “മനുഷ്യൻ പ്രകൃതിയെ കീഴടക്കിയേ തീരു” എന്ന മുദ്രാവാക്യമുയർത്തിയ മാവോ സേ തുങ്, മനുഷ്യനെ ചൂഷണം ചെയ്യുന്നതോടൊപ്പം പ്രകൃതിയേയും നശിപ്പിക്കുവാൻ മുന്നിട്ടിറങ്ങി.9 അക്രമത്തിലൂടെ ഭൂമിയിൽ വസന്തം വിരിയിക്കാനിറങ്ങുന്ന കമ്മ്യൂണിസ്റ്റുകൾ അനേകായിരങ്ങളെയാണ് കൊന്നൊടുക്കിയത്. 1930 കളിൽ 15,000 ലധികം മംഗോളിയൻ ബുദ്ധഭിക്ഷുക്കളെ കാലപുരിക്കയച്ചു. 1960 കളിലും 1970 കളിലുമായി ഉത്തര കൊറിയയിലെ എല്ലാ മതാചാരങ്ങളും നിറുത്തലാക്കാൻ കമ്മ്യൂണിസ്റ്റു ഭരണക്കൂടം ഉത്തരവിറക്കി. 

ചൈനയിലെ സാംസ്കാരിക വിപ്ലവമാകട്ടെ ബൗദ്ധപാരമ്പര്യത്തെ ഇല്ലായ്മ ചെയ്യുന്നതിൽ അത്യുത്സാഹമാണ് കാണിച്ചത്. 1975ൽ വിയ്റ്റ്നാമിൽ അധികാരത്തിലെത്തിയതോടെ ആ രാജ്യത്തിന്റെ മതസ്വാതന്ത്ര്യവും കമ്മ്യൂണിസ്റ്റു ഭരണകൂടം പിഴുതെറിഞ്ഞു. ടിബറ്റിലാവട്ടെ, ചൈനീസ് അധിനിവേശത്തിനു മുമ്പ് 6000 ബൗദ്ധക്ഷേത്രങ്ങളുണ്ടായിരുന്നുവെങ്കിൽ ഇന്നിപ്പോൾ വിരലിലെണ്ണാവുന്നവ മാത്രമാണുള്ളത്. ടിബറ്റിൽ ഇന്നു നടക്കുന്ന നരഹത്യകൾ ലോക രാഷ്ട്രങ്ങളറിയാതിരിക്കാൻ ചൈന പത്രസ്വാതന്ത്ര്യം പോലും വിലക്കുമ്പോൾ അഹിംസാമാർഗ്ഗത്തിലൂടെ ടിബറ്റൻ പ്രശ്നത്തെ ലോക മനസാക്ഷിക്കുമുമ്പിലെത്തിക്കുവാൻ ദലൈലാമ തന്റെ ശ്രമങ്ങൾ തുടരുന്നു. തന്നിൽ നിന്ന് അന്യമായി ഒന്നുമില്ലെന്ന വേദാന്ത ചിന്തയും അപരനിൽ നിന്നു വിട്ടുമാറി തനിക്കൊരു അസ്തിത്വമില്ലെന്ന ബൗദ്ധപാരസ്പര്യ സിദ്ധാന്തവും കേവലാദ്വൈതത്തെ തന്നെയാണ് അടിസ്ഥാനഭൂമികയായി സ്വീകരിക്കുന്നത്. ഈ സത്താതലത്തിൽ നിലകൊള്ളുന്നവനിൽ ത്യാഗവും സേവനവും സഹജമായിത്തീരുന്നു. ദ്വൈതചിന്താവലംബിയായ ഭൗതികവാദത്തിനാകട്ടെ ഭൂതഭൗതികതയെ സ്വായത്തമാക്കേണ്ടതിനാൽ ത്യാഗം അസംഭാവ്യമായിരിക്കും; സേവനം ഉപരിപ്ലവവും.

Courtesy : Prabuddhakeralam, the monthly Malayalam magazine from Sri Ramakrishna Math.

കുറിപ്പുകൾ.  1. T.V.Kapali Sastry,  A New Light On the Veda (Bangalom, Saksi -2006) P.55.  2. നിത്യചൈതന്യയതി, ഭഗവദ്ഗീതാസ്വാദ്ധ്യായം (ഡിസി ബുക്സ്, കോട്ടയം 2003) പേജ് 248.  3. 1 കൊറിന്തോസ് 15:36.  4. ലൂക്ക 14:26.  5. ലൂക്ക 19:26.  6. സി.വി.വാസുദേവ ഭട്ടതിരി, ഭാരതീയദർശനങ്ങൾ (നാഷണൽ ബുക്ക്സ്റ്റാൾ– കോട്ടയം) പേജ് 686.  7. “കാമ ഏവൈക പുരുഷാർത്ഥ’-ഭഗവദ്ഗീതയുടെ ശങ്കരഭാഷ്യം 16:11.  8.  P.T.Raju, Structural Depths of Indian Thousand (New Delhi, South Asian Publishers -1985) P.83-84.  9. Judith Shapiro, Mao’s Was Against Nature (Cambridge: Cambridge University Press 2001).

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close