AutomobileBusiness

15,000 ക. ചെലവിൽ ‘പരിഷ്‌ക്കാര ഇലക്ട്രിക് ബൈക്ക്’ : പുത്തൻ ആശയവുമായി മെക്കാനിക്കൽ വിദ്യാർത്ഥികൾ

കുറ്റിപ്പുറം എം.ഇ.എസ്. എൻജി. കോളേജിലെ ഈ മിടുക്കന്മാരുടെ പക്കൽ 15 വർഷം പഴക്കമുള്ള ബൈക്ക് നൽകൂ. ‘പരിഷ്‌ക്കാര ഇലക്ട്രിക് ബൈക്കാ’ക്കി മാറ്റൂ. നിങ്ങളുടെ മോട്ടോർ സൈക്കിൾ 125 cc -യിലോ 350 cc -യിലോ ആണെങ്കിൽ അതേ പവറിൽ പായുന്ന കിടു ഇലക്ട്രിക് ബൈക്കാക്കി ഇവർ പരിഷ്‌കരിക്കും. 60,000 രൂപ മുതൽ 10,0000 രൂപ വരെ ഇലക്ട്രിക് ടൂ വീലറുകൾക്ക് വിലയുണ്ട്. എന്നാൽ രൂപമാറ്റം വരുത്തിയെടുക്കുന്ന ബൈക്കിനു വെറും 15,000 രൂപ മുടക്കിയാൽ മതി.

ഈ കണ്ടുപിടിത്തത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് അവസാനവർഷ മെക്കാനിക്കൽ വിദ്യാർഥികളായ ആദിൽ അലി, സി.പി. ആദിൽ, അഥിൻ ഗോപുജ്, കെ.എം. അഫ്സൽ മുഹമ്മദ് എന്നിവരാണ്. മെക്കാനിക്കൽ മേധാവി ഡോ. ഐ. റഹുമ്മത്തുൻസ, അധ്യാപകനായ ഷാഫി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇവർ ബൈക്കിന് രൂപമാറ്റം വരുത്തിയിരിക്കുന്നത്.

എല്ലാ സി സിയിലുമുള്ള ബൈക്കുകളും ഇലക്ട്രിക് ആക്കാൻ സാധിക്കും. അതിനനുസരിച്ച് നിർമാണ ചെലവിനും മാറ്റം വരുമെന്നു മാത്രം. “അഡാപ്റ്റീവ് ഡെവലപ്മെന്റ് ഓഫ് ഇലക്ട്രിക് മോട്ടോർ സൈക്കിൾ” എന്ന പ്രോജക്ടിലൂടെയാണ് ഇത്തരമൊരു ആശയം വിദ്യാർത്ഥികൾ മുന്നോട്ട് വെച്ചിരിക്കുന്നത്. കുറഞ്ഞ ചെലവിൽ സാധാരണ ബൈക്കിന് മാറ്റംവരുത്തി ഇലക്ട്രിക് ആക്കുക എന്ന ആശയമാണിത്.

15 വർഷം പിന്നിട്ട പഴക്കം ചെന്ന ബൈക്കുക്കൾക്ക് കാര്യക്ഷമത വളരെ കുറവായിരിക്കും. അതുകൊണ്ടാണ് 15 വർഷം കഴിഞ്ഞ ബൈക്കുകളെ ഇലക്ട്രിക് ആക്കാൻ ഇവർ തീരുമാനിച്ചത്. റീ-രജിസ്ട്രേഷൻ നടത്തിയാൽ മാത്രമേ 15 വർഷം കഴിഞ്ഞ ബൈക്കുകൾ തുടർന്ന് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. അങ്ങനെ ഉപയോഗിക്കുന്നതിന് ചെലവ് കൂടുതലാണ്.

കാലപ്പഴക്കം കൊണ്ട് നശിച്ച് തുടങ്ങിയ ബൈക്കുകൾ റീ-രജിസ്റ്റർ ചെയ്ത് വീണ്ടും പഴഞ്ചനായി ഉപയോഗിക്കുന്നതിന് പകരം എന്ത് ചെയ്യാമെന്ന ആലോചനയിൽ നിന്നാണ് ഇലക്ട്രിക് ബൈക്കുകൾ എന്ന ആശയത്തിലേക്ക് വിദ്യാർഥികൾ എത്തി ചേർന്നത്.

കുറഞ്ഞ വോൾട്ട് ഉള്ള മോട്ടറിലും ഏറ്റവും ചെറിയ ബാറ്ററി കപ്പാസിറ്റിയിലും നിർമ്മിക്കുമ്പോഴാണ് 15,000 രൂപ ചെലവ് വരുന്നത്. പഴയ ബൈക്കിന്റെ ഗിയർ സിസ്റ്റം നിലനിർത്തിക്കൊണ്ടാണ് ഇലക്ട്രിക് ആക്കി മാറ്റുക. മെക്കാനിക്കൽ സിസ്റ്റത്തിന് കോട്ടം വരുത്താതെയാണ് ഇലക്ട്രിക് ആക്കി മാറ്റുന്നത്. എല്ലാ സി.സിയിലുമുള്ള ബൈക്കുകളും ഇലക്ട്രിക് ആക്കാൻ സാധിക്കും. അതിനനുസരിച്ച് ബൈക്കിന്റെ നിർമാണ ചെലവിനും മാറ്റം വരുമെന്നു മാത്രം.

ഓരോ ബാറ്ററികൾക്കും കമ്പനി അനുസരിച്ച് ഒന്നോ രണ്ടോ വർഷം വാറണ്ടിയുണ്ട്. എന്നാൽ സ്വന്തമായി ഉണ്ടാക്കിയെടുത്ത ബാറ്ററി സിസ്റ്റം ആണ് ഇവർ ഉപയോഗിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് അനുസരിച്ച് അവരുടെ താൽപര്യ പ്രകാരമാണ് ബൈക്കുകൾ നിർമ്മിച്ച് കൊടുക്കുന്നത്.

ദീർഘകാലം വാഹനം ഉപയോഗിക്കാൻ ഇത്തരത്തിൽ പരിഷ്കരിക്കുന്നതിലൂടെ സാധിക്കും. ഈ ഇലക്ട്രിക് ബൈക്കുകൾ വീട്ടിൽത്തന്നെ ചാർജ് ചെയ്യാൻ പറ്റുന്നതാണ്. കൂടാതെ ചാർജിങ്ങ് ഹബുകളിലും ബാറ്ററി ചാർജ് ചെയ്യാം. ഏഴ് മണിക്കൂർ ചാർജ് ചെയ്താൽ 100 കിലോമീറ്ററോളം സഞ്ചരിക്കാൻ ഇത്തരത്തിലുള്ള ബൈക്കുകൾക്ക് സാധിക്കും. വാഹനങ്ങളിൽ നിന്നുണ്ടാകുന്ന മലിനീകരണം വലിയതോതിൽ കുറയ്ക്കാനാകുമെന്നത് മറ്റൊരു നേട്ടമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close