CelebrityHeadline

ഹാസ്യ നായികമാർ മലയാള സിനിമയിൽ വാഴുമോ? രതീഷ് പൊതുവാളിന്റ പുതിയ ചിത്ര വിശേഷമറിയാം

മലയാള സിനിമ ഒരുകാലത്ത് സ്ത്രീ ഹാസ്യനാട്യം കൊണ്ട് മുഖരിതമായിരുന്നു. സ്ത്രീകൾക്കും ഹാസ്യം വഴങ്ങുമെന്ന് ഫിലോമിനയിലൂടെയും സുകുമാരിയിലൂടെയും ഉർവശി, കല്പ്ന തുടങ്ങി ഒട്ടനവധി നടിമാരിലൂടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ വിരലിലെണ്ണാവുന്ന സ്ത്രീകൾ മാത്രമാണ് ഇന്ന് ഹാസ്യം കൈകാര്യം ചെയ്യുന്നത്. ഭൂരിഭാഗം സിനിമകളിലും ഹാസ്യം പുരുഷ കേന്ദ്രീകൃതമാണ്. മികച്ച അഭിനേത്രികളുടെ അഭാവമാവാം മലയാള സിനിമയിൽ ഹാസ്യ കഥാപാത്രങ്ങൾ സ്ത്രീകൾ കൈകാര്യം ചെയ്യുന്നതിന് മങ്ങലേൽപ്പിക്കുന്നത്. ആദ്യകാല ഹാസ്യ നടിമാരെ പോലെ വരും നാളുകളിൽ ഹാസ്യം ചെയ്യുന്ന നടിമാരുടെ പ്രതീക്ഷയെ തിരിതെളിയിക്കുന്നതാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ‘കനകം കാമിനി കലഹം’എന്ന പുതിയ സിനിമ.

‘നാളെയൊരു നായികാപ്രാധാന്യമുള്ള സിനിമ എടുക്കണം എന്ന് വിചാരിച്ച് ഞാൻ ഇറങ്ങില്ല. നല്ല ആശയം കിട്ടുകയാണെങ്കിൽ തീർച്ചയായും ഞാൻ നായികാ പ്രാധാന്യത്തിൽ സിനിമ ചെയ്യും. സ്ത്രീ, പുരുഷൻ എന്നുള്ളതിനേക്കാൾ ഒരു കഥ സിനിമയാക്കുമ്പോൾ എക്സൈറ്റ് ചെയ്യണം, അതാണല്ലോ പ്രധാനം. കഥയ്ക്ക് ആവശ്യമെങ്കിൽ സ്ത്രീ പ്രാധാന്യം നൽകി തന്നെയാവും ഞാൻ സിനിമ ചെയ്യുന്നതും. വ്യക്തമായ അജണ്ട വെച്ചിട്ട് സ്ത്രീകഥാപാത്രങ്ങൾ വേണമെന്ന് വിചാരിച്ച് സിനിമ പ്ലാൻ ചെയ്യുന്നില്ല. എന്നിരുന്നാലും സാഹചര്യം ഉണ്ടെങ്കിൽ സ്ത്രീ കഥാപാത്രത്തിന് ഹ്യൂമർ കൈകാര്യം ചെയ്യാൻ അവസരമൊരുക്കും. അതിനനുസരിച്ചുള്ള പ്രാധാന്യം കഥാപാത്രത്തിന് നൽകുകയും ചെയ്യും. അങ്ങനെയുള്ള സിനിമകളിൽ സെല്ലിങ് പോയിന്റും ആ കഥാപാത്രങ്ങളായിരിക്കും. ഓരോ കഥക്കനുസരിച്ചാവും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതെന്നു മാത്രം.’- സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ നെറ്റ് ലൈവ് ന്യൂസിനോട് പറഞ്ഞു.

‘ഇപ്പോൾ ഞാൻ എന്റെ ‘കനകം കാമിനി കലഹം’എന്ന പുതിയ വർക്കിലാണ്. ഗ്രേസ് ആന്റണിയാണ് നായിക വേഷത്തിലെത്തുന്നത്.സിനിമയിലെ നായകന്റെ വേഷം കൈകാര്യം ചെയ്യുന്നത് നിവിൻ പോളിയാണ്. സ്ത്രീ കഥാപാത്രത്തിന് കഥാപാത്രത്തിന്റെതായ സ്പേസും കൊടുത്തിട്ടുണ്ട്. മാത്രമല്ല, ചില സന്ദർഭങ്ങളിൽ നായകനെക്കാൾ കൂടുതൽ പ്രാധാന്യം നായികയ്ക്ക് ഈ സിനിമയിൽ നൽകിയിട്ടുമുണ്ട്. ജോയ് മാത്യൂ, വിനയ് ഫോർട്ട്, വിൻസി അലോഷ്യസ്, ജാഫർ ഇടുക്കി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.’

‘പൊതുവേ മലയാളത്തിൽ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സിനിമകൾ കുറവാണ്. അത്തരത്തിലുള്ള സിനിമകൾ ചെയ്യുന്നതും ചെയ്യാത്തതും ഓരോരുത്തരുടെയും വ്യക്തിപരമായ താല്പര്യമാണ്. ഓരോ വ്യക്തിയും കഥയെ സമീപിക്കുന്നത് വ്യത്യസ്തമായ രീതിയിലായിരിക്കും. നായികാ പ്രാധാന്യമുള്ള സിനിമ എടുക്കുന്നവരും എടുക്കാത്തവരുമുണ്ട്. അതൊരിക്കലും സ്ത്രീകഥാപാത്രങ്ങളെ അവഗണിക്കാനല്ല. മറിച്ച് സ്ത്രീകഥാപാത്രങ്ങൾക്ക് മേൽക്കോയ്മയുള്ള സിനിമകൾ വർക്കാവാത്തതു കൊണ്ടാണ്. എന്റെ ആദ്യ സിനിമയായ ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലും നായികയില്ല. ഓരോ സിനിമയും ചെയ്യുന്നത് ഓരോ കഥയെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ നായികയില്ലാത്തത്.’- സംവിധായകൻ രതീഷ് പൊതുവാൾ വ്യക്തമാക്കി.

‘കനകം കാമിനി കലഹം’ എന്ന പൊതുവാളിന്റെ രണ്ടാമത്തെ സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കൂടുതലാണ്. ‘വ്യക്തിപരമായ താല്പര്യമാണ് ഓരോ കഥകളും ഓരോ രീതിയിൽ പറയേണ്ടി വരുന്നത്തിന് കാരണം. ഓരോരുത്തരുടെ മനസ്സിൽ വരുന്ന കഥകളും അത് നല്ലതാണെന്ന തോന്നലുകളുമാണ് കഥകളെ സിനിമയാക്കുന്നത്. മികച്ച ഹാസ്യ നടിമാരുടെ അഭാവമാണ് സിനിമയിൽ സ്ത്രീകളുടെ ഹാസ്യ സാന്നിധ്യം ഇല്ലാതാക്കുന്നത്.’

എന്നാൽ കനകം കാമിനി കലഹം എന്ന സിനിമയിൽ ഹാസ്യം ചെയ്യുന്ന സ്ത്രീ കഥാപാത്രങ്ങളുണ്ട്. എന്റെ അഭിപ്രായത്തിൽ നായിക തന്നെ ഹാസ്യം ചെയ്യണമെന്ന് നിർബന്ധമില്ല. മറ്റ് സ്ത്രീ കഥാപാത്രങ്ങൾക്കും ഹാസ്യം കൈകാര്യം ചെയ്യാവുന്നതാണ്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സിനിമയിൽ കോമഡി ചെയ്യുന്ന സ്ത്രീകളുണ്ട്. സിനിമയിലെ വീട്ടുജോലിക്കാരിയുടെ വേഷം തന്നെ അതിനുദാഹരണമാണ്. കോമഡി ഡയലോഗ് കൊണ്ട് മാത്രമേ ചിരിപ്പിക്കാൻ സാധിക്കുകയുള്ളൂ എന്നൊന്നുമില്ല. ആ സാഹചര്യവും ചിരിപ്പിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ചിരിപ്പിക്കുക തന്നെ ചെയ്യും. കനകം കാമിനി കലഹത്തിൽ ഇത്തരത്തിലുള്ള സാഹചര്യങ്ങളുണ്ട്.- രതീഷ് പൊതുവാൾ വിശദീകരിച്ചു.

എല്ലാ ജോണറിലുമുള്ള സിനിമകൾ ചെയ്യാനും രതീഷ് പൊതുവാൾ താല്പര്യപ്പെടുന്നുണ്ട്. ‘എന്നിരുന്നാലും ഹാസ്യ സന്ദർഭങ്ങൾ എഴുതാനാണ് ഇഷ്ടം. കഥ കറക്റ്റായി നമ്മൾ ആലോചിക്കുന്ന സ്ഥലത്ത് വന്ന് വീഴുമ്പോൾ ആ സിനിമ നടക്കും. ജോണറുകളെക്കാൾ നല്ല സിനിമകളെയാണ് താല്പര്യം. എല്ലാതരത്തിലുമുള്ള സിനിമകളോടും എനിക്ക് താൽപര്യമാണ്. ഇന്ന രീതിയിലുള്ള സിനിമകൾ മാത്രമേ ചെയ്യുള്ളൂ എന്നൊന്നുമില്ല.’- രതീഷ് തന്റെ നയം വ്യക്തമാക്കി.

‘ഹാസ്യം നിറഞ്ഞ കഥാരചന എനിക്ക് ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. കാരണം എഴുതാൻ ഏറ്റവും എളുപ്പമുള്ള ജോണർ ആയിട്ടാണ് ഹാസ്യത്തെ കാണുന്നത്. സീരിയസ് ആയിട്ടുള്ള ഒരു കഥ എഴുതാനാണ് കൂടുതൽ ഹോംവർക്കുകൾ വേണ്ടി വരുന്നത്. ചില ആളുകൾക്ക് ഹാസ്യത്തെക്കാൾ സീരിയസ് സിനിമകൾ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. ഹാസ്യം എഴുതാൻ താല്പര്യം ഇല്ലാത്തവരെ സംബന്ധിച്ച് അത്തരത്തിലുള്ള സിനിമകൾ ചെയ്യാൻ പ്രയാസമാണ്. ആത്യന്തികമായി ഹാസ്യം വിഷമമുള്ള ജോണർ ആണെന്ന് പറയാൻ എനിക്കാവില്ല.’- മറുപടിയ്ക്കിടയിലും രതീഷിന്റെ പുഞ്ചിരി.

പഞ്ചവടിപാലവും സന്ദേശവുമാണ് രതീഷ് പൊതുവാളിന് ഇഷ്ടപ്പെട്ട മലയാള ഹാസ്യ സിനിമകൾ. ‘സിനിമ തരുന്ന മെസേജിനെയല്ല ഇഷ്ടപ്പെട്ടത്. അന്നത്തെ കാലത്തെ സമകാലിക സംഭവങ്ങൾ ഏറ്റവും മനോഹരമായ രീതിയിൽ ഹാസ്യവൽക്കരിച്ചു എന്നുള്ളതു കൊണ്ടാണ് ആ സിനിമകൾ ഇഷ്ടമായത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ ബോധപൂർവ്വം ഒരു മെസ്സേജും പറയാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ അങ്ങനെയൊരു സിനിമ കണ്ടുകഴിഞ്ഞാൽ ഇതാണ് ആ സിനിമ നൽകുന്ന സന്ദേശമെന്ന് പുറമേ ഉള്ളവർക്ക് തോന്നിയാൽ തോന്നി എന്നേയുള്ളൂ… അടിസ്ഥാനപരമായ ആശയം മനസ്സിൽ വിചാരിച്ച് സിനിമ ചെയ്യുന്നതല്ലാതെ എന്റെ സിനിമയിലെന്നല്ല ഒരു സിനിമയിലും യാതൊരു മെസ്സേജും നൽകുന്നില്ല.’- രതീഷ് പൊതുവാൾ വ്യക്തമാക്കി.

ഡയറക്ടർ ആവണമെന്ന ആഗ്രഹം മനസ്സിൽ കണ്ടുകൊണ്ട് തന്നെയാണ് ഫിലിം ഇൻഡസ്ട്രിയിൽ വന്നത് എന്ന് അദ്ദേഹം വെളിപ്പെടുത്തി. ‘സിനിമ ഇൻഡസ്ട്രിയുമായി എനിക്ക് വർഷങ്ങളായിട്ടുള്ള ബന്ധമുണ്ട്. അന്ന് തൊട്ടുള്ള പരിശ്രമമാണ് ഒരു ഡയറക്ടർ എന്ന നിലയിൽ എത്തിച്ചതും. ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ വ്യത്യസ്തമായ പ്രമേയം നിർമ്മാതാവിനെ കണ്ടെത്തുന്നതിന് പ്രയാസമുണ്ടാക്കി. ഒരു റോബോട്ടിനെ കൊണ്ടുവരിക എന്നു പറയുമ്പോൾ തന്നെ അത് പലർക്കും ഉൾക്കൊള്ളാൻ ആകുമായിരുന്നില്ല. ഒരുപാടു പേരെ സമീപിക്കേണ്ടി വന്നിരുന്നു. എഴുതി പൂർത്തിയാക്കിയ സ്ക്രിപ്റ്റിൽ നിന്ന് പിന്മാറാൻ ഞാൻ ഒരുക്കമായിരുന്നില്ല.’

‘എന്നാൽ സ്വന്തമായി എഴുതുന്നത് മാത്രമേ സിനിമയാക്കൂ എന്നൊന്നുമില്ല. എഴുത്തിൽ പ്രാവീണ്യമുള്ളതുകൊണ്ടല്ല, വേറെ കഥകൾ വരുന്നില്ല എന്നതുകൊണ്ടാണ് എനിക്ക് തോന്നിയ കഥ ഞാൻ തന്നെ സിനിമ രൂപത്തിൽ ആക്കുന്നത്. യഥാർത്ഥത്തിൽ ഞാൻ ഒരു എഴുത്തുകാരനല്ല. തിരക്കഥാകൃത്തു പോലുമല്ല. നമുക്ക് സംവിധാനം ചെയ്യാൻ വേണ്ടി നമ്മൾ എഴുതുന്നു എന്ന് മാത്രം.’ മറ്റുള്ളവരുടെ നല്ല കഥകൾ വരുകയാണെങ്കിൽ ആ കഥകൾ സിനിമയാക്കാനും ആഗ്രഹിക്കുന്നുണ്ട് എന്ന് രതീഷ് പൊതുവാൾ പറഞ്ഞു.

‘കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകിൽ സുലഭം ‘എന്ന കുഞ്ചൻ നമ്പ്യാരുടെ വരികളോട് സാമ്യമുള്ള സിനിമയാണ് ‘കനകം കാമിനി കലഹം’ എങ്കിലും ആ വരികളിലെ പ്രമേയത്തെ പൂർണമായും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സിനിമയല്ല ഇത്. സിനിമയുടെ ടൈറ്റിൽ കേൾക്കുമ്പോളുള്ള ആകാംക്ഷ മാത്രമാണ് പേരിനുള്ളത്. വളരെ സിമ്പിളും റെഗുലറും ആയിട്ടുള്ള കഥയെ വ്യത്യസ്തമായ രീതിയിൽ ഷൂട്ട് ചെയ്ത് അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.’

എഴുതാൻ അറിയുന്നവർക്കും തിരക്കഥ എഴുത്ത് പ്രയാസകരമാണ്. ഇതൊരു സിമ്പിൾ പണിയാന്നുമല്ല. മാനസികമായി സ്ട്രെയിൻ ഉള്ള ഒരു പണിയാണിത്. തിരക്കഥാകൃത്തുകളെ പരിചയം പോലുമില്ലായിരുന്നു എനിക്ക്. ഒരു ആശയം കിട്ടി അതിനെ കഥയാക്കുകയായിരുന്നു. കഥയെഴുതുന്നത് ഒരു സീക്വൻസിൽ എത്ര സീൻ ഉണ്ടാകുമെന്ന് മനസ്സിൽ കണ്ടുകൊണ്ടാണ്. അങ്ങനെ ചിന്തിച്ചാൽ ഏതൊരാൾക്കും കഥയുമെഴുതാം, സിനിമയും ചെയ്യാം.

കോവിഡ് കാലഘട്ടത്തിൽ സിനിമ ഷൂട്ട് ചെയ്യുമ്പോൾ ഒരുപാട് വെല്ലുവിളികൾ നേരിടുന്നുണ്ട്. എറണാകുളത്താണ് കനകം കാമിനി കലഹം സിനിമയുടെ ഷൂട്ട് ആരംഭിച്ചത്. സിനിമാ ലൊക്കേഷനിലെ അധികൃതരുടെ സമ്മതത്തോടുകൂടി അവർ പറയുന്ന കോവിഡ് മാനദണ്ഡപ്രകാരമാണ് ചിത്രീകരണം. പോളി ജൂനിയർ പിക്ച്ചേർസിന്റെ ബാനറിൽ നിവിൻ പോളിയാണ് സിനിമ നിർമ്മിക്കുന്നത്. ‘സാഹചര്യത്തിനനുസരിച്ചായിരിക്കും സിനിമ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. പൊതുവെ നമ്മുടെ നാട്ടിൽ ഒ ടി ടി പ്ലാറ്റ്ഫോമിന്റെ ഉപയോഗം കുറവാണ്. ക്രമേണ മാറ്റങ്ങൾ സംഭവിച്ചേക്കാം. ഏതായാലും 2021-ഓടെ സിനിമ, തിയേറ്ററിൽ തന്നെ എത്തുമെന്നേ…’ രതീഷ് പൊതുവാൾ തന്റെ പ്രതീക്ഷ പങ്കുവച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close