Latest newsMovie

ഓ മൈ കടവുളേ! തിയേറ്ററുകൾ തുറക്കുന്നു; നാളെ മുതൽ വീണ്ടും കാണാം

കേരളത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ലെങ്കിലും തമിഴ്നാട്ടിൽ നാളെമുതൽ തിയേറ്റർ പ്രദർശനം പുനരാരംഭിക്കും. ഓ മൈ കടവുളേ, ധാരാള പ്രഭു, കണ്ണും കണ്ണും കൊള്ളയടിത്താൽ എന്നിവ വിവിധ തിയേറ്ററുകളിൽ വീണ്ടുമെത്തും. കേരളവും തമിഴ്നാടുമൊഴിച്ച്, തെന്നിന്ത്യയിൽ ഈ മാസം ആദ്യം മുതൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് സിനിമാ തിയേറ്ററുകൾ വീണ്ടും തുറന്നു പ്രവർത്തിച്ചിരുന്നു.

എന്നാൽ കോവിഡ് കാലത്തെ സുരക്ഷിതമായ പ്രദർശനത്തിനായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ കർശനമായി പാലിക്കാനാകുമോ എന്ന ആശങ്കയിലായിരുന്നു കേരളവും തമിഴ്നാടും. ഒടുവിൽ 18 സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ് ഒ പി) തമിഴ്നാട് സർക്കാർ പുറത്തിറക്കി.

മൾട്ടിപ്ലക്‌സുകളിലും തിയേറ്ററിലും ഈ മാസം 10 മുതൽ 50 ശതമാനം ഇരിപ്പിട ശേഷിയോടെ തുറക്കാനാണ് അനുവാദം. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലെ വിജയവാഡയിലും ഇതിനോടകം തുടങ്ങിയ സിനിമാ പ്രദർശനം ചലച്ചിത്ര വ്യവസായത്തിന് പുത്തൻ ഉണർവേകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

സിനിമാ തിയേറ്ററുകൾക്കുള്ള തമിഴ്നാട് സർക്കാറിന്റെ പ്രധാന മാർഗ്ഗനിർദേശങ്ങൾ:

 1. കണ്ടെയ്‌നമെന്റ് സോണുകളിലെ സിനിമാ തിയേറ്ററുകൾക്ക് തുറക്കാൻ അനുമതിയില്ല.

 2. സിനിമാ തിയേറ്ററിനുള്ളിൽ എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം.

 3. കോവിഡ് -19 ന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്നുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളോടെ ആയിരിക്കണം ഷോകൾ ആരംഭിക്കേണ്ടത്. ഇടവേളകളിലും തിയറ്ററുകളിൽ അത്തരം സന്ദേശങ്ങൾ പ്രദർശിപ്പിക്കണം.

 4. എല്ലാ പ്രവേശന കവാടങ്ങളിലും എക്സിറ്റ് പോയിന്റുകളിലും ടച്ച് ഫ്രീ സാനിറ്റൈസറുകൾ സ്ഥാപിക്കണം.

 5. സിനിമാ തിയേറ്ററിനുള്ളിൽ തുമ്മുമ്പോൾ ടിഷ്യു പേപ്പറുകൾ സുരക്ഷിതമായി ഉപയോഗിക്കുന്നു എന്നുറപ്പ് വരുത്തണം.

 6. സിനിമാ തിയേറ്ററുകൾ സന്ദർശിക്കുന്ന എല്ലാവർക്കും തെർമൽ സ്കാനിംഗ് ചെയ്യണം.

 7. ശാരീരിക അകലം പാലിച്ചുകൊണ്ടുള്ള ക്യൂവിലായിരിക്കണം തിയേറ്ററിനകത്തേക്ക് പ്രവേശിക്കേണ്ടത്.

 8. ഷോ അവസാനിച്ചുകഴിഞ്ഞാൽ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ഇതിനായി തിയേറ്റർ മാനേജ്മെന്റ് ക്രമീകരണം ഏർപ്പെടുത്തണം.

 9. ശാരീരിക അകലം പാലിക്കുന്ന രീതിയിലുള്ള ഇരിപ്പിടങ്ങൾ ആയിരിക്കണം ഘടിപ്പിക്കേണ്ടത്.

 10. ഒന്നിലധികം സിനിമാ തിയേറ്ററുകൾ പ്രവർത്തിക്കുന്ന മൾട്ടിപ്ലക്‌സുകളിൽ, തിരക്ക് ഒഴിവാക്കാൻ ഷോ സമയങ്ങൾ നിയന്ത്രിക്കണം

 11. ടിക്കറ്റ് വിൽപ്പന ഓൺ‌ലൈൻ വഴിയോ, ഇ-വാലറ്റ്, ക്യു ആർ കോഡ് മുഖേനയോ നടപ്പിലാക്കണം.

 12. വ്യക്തിപരമായി ടിക്കറ്റ് നൽകുമ്പോൾ, ടിക്കറ്റ് ലഭിക്കുന്ന വ്യക്തിയുടെ ടെലിഫോൺ നമ്പർ രജിസ്റ്റർ ചെയ്യണം.

 13. ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കാനായി ദിവസം മുഴുവൻ കൗണ്ടർ തുറന്നിരിക്കണം.

 14. ഓരോ ഷോയും കഴിഞ്ഞാൽ, ഹാൾ മുഴുവൻ അണുവിമുക്തമാക്കണം.

 15. സർക്കാർ നിർദ്ദേശിക്കുന്ന തലങ്ങളിൽ എയർ കണ്ടീഷനിംഗ് സൂക്ഷിക്കണം.

 16. പായ്ക്ക് ചെയ്ത ഭക്ഷണവും തണുത്ത പാനീയങ്ങളും മാത്രം വിൽക്കാം. എന്നാൽ സിനിമാ തിയേറ്ററിനകത്തേക്ക് ഭക്ഷണപാനീയങ്ങൾ കൊണ്ടുപോകാൻ അനുവദിക്കില്ല.

 17. തിയറ്റർ സ്റ്റാഫുകൾക്കും സന്ദർശകർക്കും ആരോഗ്യ സേതു ആപ്പ് ഉണ്ടായിരിക്കണം.

 18. ചുമയോ പനിയോ ഉള്ള സന്ദർശകരെക്കുറിചുള്ള വിവരം മാനേജ്‌മെന്റ് ആരോഗ്യ ഉദ്യോഗസ്ഥരെ അറിയിക്കണം. ഇത്തരക്കാരെ പ്രത്യേക മുറിയിലാക്കി വേർതിരിക്കണമെന്നും എസ് ഒ പി ൽ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close