Around UsHeadlineMost Discussed

ആ ചോദ്യങ്ങൾക്ക് ഉത്തരം തയ്യാർ! കെ എം മാണിയുടെ ആത്മകഥ ഉടൻ

സംസ്ഥാന രാഷ്ട്രീയത്തിലെ അരനൂറ്റാണ്ടിലേറെ കണ്ടതും കേട്ടതുമായ കെ എം മാണിയുടെ ജീവിതം ഇനി പുസ്തകത്താളുകളിൽ.

രാഷ്‌ട്രീയമായും സംഘടനാപരമായും നിലനിൽപ്പില്ലാത്ത മുന്നണിയായി യുഡിഎഫ്‌  മാറുമെന്ന് കരുതുന്നുണ്ടോ ? മുസ്ലിം ലീഗിനേക്കാൾ മോശം നേതൃത്വമല്ലേ സംസ്ഥാന കോൺഗ്രസ്സിനുള്ളത് ? മാണി സാറിന്റെ കേരളാ കോൺഗ്രസ്സില്ലാത്ത സാഹചര്യത്തിൽ, യുഡിഎഫിന്റെ അടിത്തറ തകരും എന്നത് സത്യമല്ലേ ?- ഇത്തരം ചോദ്യങ്ങൾക്കും ഇനി താമസിയാതെ പുസ്തക രൂപത്തിൽ ഉത്തരം ലഭിക്കും.

എൽഡിഎഫിന്റെ ബഹുജന സ്വാധീനം വിപുലീകരിക്കാനുള്ള സാധ്യതയാണ്‌ യശശ്ശരീരനായ കെ എം മാണി അവസാനകാലത്ത് വിഭാവന ചെയ്തിരുന്നത് എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ആത്മാവിനെ തൊടുന്ന മട്ടിൽ എല്ലാം വ്യക്തമായി രേഖപ്പെടുത്താനാണ് ശ്രമം. ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമാകും കെഎം മാണിയുടെ ആത്മകഥ. രാഷ്ട്രീയപ്രവേശനം മുതലുള്ള അനുഭവങ്ങൾ രേഖപ്പെടുത്തി വെച്ചിരിക്കുന്നത് പരിഷ്കരിച്ചാണ് അദ്ദേഹം ആത്മകഥയ്ക്ക് രൂപം നൽകിയത്.

മരിക്കുന്നതിന് ഒരു വർഷം മുമ്പ് തയ്യാറാക്കിയ കരട് രൂപം പിന്നീട് പലതവണ വായിച്ചു തിരുത്തുകയും അടുപ്പമുള്ള പ്രഗത്ഭരുമായി ചർച്ചചെയ്തു മാറ്റി എഴുതുകയും ചെയ്തിരുന്നു. പ്രസിദ്ധീകരിക്കാനുള്ള സന്നദ്ധത എം പി വീരേന്ദ്രകുമാർ അറിയിച്ചതും ആണ്. എന്നാൽ ഇത് യാഥാർഥ്യം ആവുന്നതിനു മുമ്പ് ഇരുവരും നിര്യാതരായി.

ഒരുപാട് പൊട്ടിത്തെറികൾക്ക് കാരണമാകും എന്നതിനാൽ തൽക്കാലത്തേക്ക് പരസ്യപ്പെടുത്തേണ്ട എന്ന് തീരുമാനിച്ചിരുന്ന പല കാര്യങ്ങളും ഉള്ളടക്കത്തിൽ ഉണ്ടാകും. ഒരുപക്ഷേ പുതിയ സാഹചര്യത്തിൽ ആത്മകഥ പുറത്തിറങ്ങുന്നതോടുകൂടി രാഷ്ട്രീയ വിസ്ഫോടനങ്ങൾ ഉണ്ടായേക്കാം. ഈ ആത്മകഥയോടു കൂടി മാണിയുടെ പുനർജനനം എന്ന് വേണമെങ്കിൽ പറയാം.

മാണിയുടെ അവസാന വർഷങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ആകാം ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരുപക്ഷേ പൊട്ടിത്തെറിക്ക് വഴിയൊരുക്കുക. മാണിയുടെ മരണശേഷം എംഎൽഎ ഹോസ്റ്റലിൽ നിന്ന് മാണിയുടെ സാധനസാമഗ്രികൾ മാറ്റുമ്പോൾ ലഭിച്ച കയ്യെഴുത്തു പത്രികയിൽ ആണ് അച്ചടി മഷി പുരളാൻ പോകുന്നത്. 500 പേജ് വരുന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കി.

കോൺഗ്രസ് നേതാക്കളുടെ ചതിയുടെ ബാക്കിപത്രം എന്ന്, അവസാനകാലത്ത് കെഎം മാണി വിശേഷിപ്പിച്ച ബാർകോഴ വിവാദത്തിന്റെതടക്കം പിന്നാമ്പുറങ്ങൾ ആത്മകഥയിലൂടെ പുറത്തുവരും. പി ജെ ജോസഫിനെ കേന്ദ്രീകരിച്ചാണ് ആത്മകഥയിലെ രണ്ട് അധ്യായങ്ങൾ. പി ജെ ജോസഫിനെ കുറിച്ച് അത്രമാത്രം പരാമർശിക്കുമ്പോൾ ഇനിയും അറിയാത്ത സത്യത്തിന്റെ ചുരുളുകൾ അഴിയാൻ ഉണ്ട് എന്നർത്ഥം. കോൺഗ്രസ് നേതാക്കന്മാരിൽ നിന്നും കൂടെയുണ്ടായിരുന്ന മറ്റുള്ളവരിൽ നിന്നും തനിക്ക് പലപ്പോഴായി ഉണ്ടായ അനുഭവങ്ങൾ അദ്ദേഹം വിശദമായി എഴുതിയിട്ടുണ്ട് എന്നാണ് ലഭിച്ച വിവരം.

Tags
Show More

Babu

Guest author

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close